Friday 23 August 2013

മഴ

മഴയായി എന്റെ ആത്മാവിലേക്ക്
നീ പെയ്തിറങ്ങുക,
പ്രണയത്തിന്റെ സംഗീതമാണ് നീ,
ഈറനണിയട്ടെ എന്‍ നൊമ്പരങ്ങള്‍ ...!
മഴ വഴിയില്‍ പാതി നനഞ്ഞും ചിരിച്ചും
സ്വപനങ്ങള്‍ നെയ്തും
പൊയ്പോയ വസന്തങ്ങളെ
ഓര്‍മകളുടെ താരാട്ടു പാടിയുറക്കിയും
തീരാമഴയില്‍ കുളിരണിയട്ടെ ഞാന്‍
എന്റെ അപഥ സഞ്ചാരത്തിന്‍
അന്ധ വഴികള്‍ നീ കൊട്ടിയടയ്ക്കുക
അടങ്ങാത്ത ആസക്തിയിലേക്ക്
പേമാരിയായി പെയ്തിറങ്ങി
നിന്റെ പ്രണയത്തിന്റെ
ശവകൂടീരത്തില്‍ എന്നെ അടക്കം ചെയ്യുക.
പുഴുവരിച്ച എന്റെ യൌവനത്തിന്റെ
ഗ്രീഷ്മകാലം അതിലുറങ്ങട്ടെ
ചിന്തകള്‍ കറുത്തിരുണ്ടു
മൗന മേഘങ്ങൾ മനസ്സില്‍ നിറഞ്ഞുവെങ്കിലും
ജീവിതത്തിന്റെ കടവു തോണി
മരണത്തിന്റെ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു
മുങ്ങുന്നതിന്‍ മുന്‍പ്
മഴയായി, സ്നേഹത്തിന്‍ ഗീതമായി
എന്റെ പ്രണയത്തിന്‍ താഴ്വരയിലേക്ക്
ഒരു വെറും വാക്കിന്റെ പോലും
ചാറ്റല്‍ മഴയായ്
ഇപ്പോഴും പെയ്യാത്തതെന്തു നീ ?


ഒളിച്ചുകളി

മഴയും പ്രണയവും
പെയ്തൊഴിയാതെ
എല്ലാമുറികളിലും
ചോര്‍ന്നൊലിക്കുണ്ട് .
ഒരുപാട്
പ്രണയിച്ചത്
കൊണ്ടാവാം
പട്ടാപ്പകല്‍
മഴയോടൊപ്പം വന്ന
കൂട്ടുകാരന്‍ അവളെയും
കൂട്ടി ഒളിച്ചോടിയത്‌.
തെക്കേ പറമ്പില്‍
മഴ നനയാതെ,
ആര്‍ക്കും പിടികൊടുക്കാതെ,
അവളിപ്പോഴും
ഒളിച്ചിരിപ്പുണ്ട് ..
കുഞ്ഞുങ്ങളെയും
കെട്ടിപിടിച്ചു
ഓര്‍മകളുടെ പഴയ
കാലന്‍ കുടയും
ചൂടി ഭ്രാന്തനെ പോലെ
മഴയില്‍ കുതിര്‍ന്നു,
ആര്‍ക്കും പിടികൊടുക്കാതെ,
നെഞ്ചിലെ തീ അണയാതെ,
ഞാനും ഒളിച്ചിരിക്കാറുണ്ട്.


കാലികം

രാഷ്ട്രീയത്തിന്‍റെ അറകളില്‍ 
മഹാത്മാവിനെ കെട്ടി വെച്ചിരിക്കുന്നു...
ആര്‍ഭാടത്തിന്‍റെ അള്‍ത്താരയില്‍
യേശു ക്രിസ്തു നിശ്ചലനായി കിടക്കുന്നു ..
അര്‍ദ്ധരാത്രിയില്‍ തസ്കരനെ പേടിച്ചും
പകലില്‍ വഴിപാടുകള്‍ സ്വീകരിച്ചും
തങ്ക വിഗ്രഹം വീര്‍പ്പുമുട്ടിയിരുന്നു...
പാപികള്‍ വെള്ളി കുരിശിനെ പൊന്നാക്കാന്‍
തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നു.
രാഷ്ട്രീയത്തില്‍ ചെറിയ യൂദാസുകള്‍
ഗൂഢാലോചനകള്‍ നടത്തി കൊണ്ടിരിക്കുന്നു...
വലിയ യൂദാസുകള്‍ തീവ്രവാദത്തിന്‍റെ
കലകള്‍ അഭ്യസിക്കാന്‍ പോയിരിക്കുന്നു..
പത്രോസിന്‍റെ മക്കള്‍ കോടതിയില്‍
സാക്ഷികളായി നില്പുണ്ടായിരുന്നു...

കുമ്പസാരിക്കാന്‍ മാര്‍ഗമില്ലാത്ത ചെകുത്താന്‍
മൗന വിലാപങ്ങള്‍ തീര്‍ത്തു..
വാഗ്ദത്തം കിട്ടിയ നിത്യ മരണം
അവന്‍ കാത്തിരുന്നു...
സുനാമിയില്‍ ലക്ഷങ്ങള്‍ മരിച്ചെങ്കിലും
രക്ഷപെട്ട രണ്ടു പേര്‍ ദൈവ സ്നേഹത്തെ
വാനോളം പുകഴ്ത്തിക്കൊണ്ടിരുന്നു.
ഹിറ്റ്ലര്‍ ജര്‍മനിയില്‍ നിന്നും
അമേരിക്കയിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു..
ചില കാഴ്ചകള്‍ കാണാതെ കണ്ണടച്ചു ,
കാരണം , ഇനിയും കവിത എനിക്കെഴുതണം ,
ജനിച്ചതുകൊണ്ട് ജീവിക്കണം...
ജീവിതാസക്തികള്‍ 
ആത്മഹത്യയെ പറഞ്ഞയച്ചു...
അന്വേഷണങ്ങളും കാഴ്ചകളും 
അസ്വസ്ഥതകളായി ,
അഗ്നിയില്‍ ജലകണിക തേടി 
പോയവന്‍റെ മൂഡത്വം...


പുരുഷ വേശ്യകൾ

വിശുദ്ധിയുടെ ചെങ്കോലുമായി
പാപത്തിന്റെ മുൾക്കിരീടം സ്ത്രീക്കു
ചാർത്തിക്കൊടുത്ത പുരുഷത്വങ്ങൾ
ഹസ്തഭോഗങ്ങളിലും ആത്മരതിയിലും
അടങ്ങാതെ നീങ്ങുന്നവർ...
അങ്ങകലെ സുന്ദരിയായ ഭ്രാന്തിയുടെ
നിലവിളി കെട്ടടങ്ങി,
പിടഞ്ഞു ചത്ത ബീജങ്ങൾ കുഞ്ഞിന്റെ
മരണത്തിനു സാക്ഷിയായി,
അർത്ഥമില്ലാത്ത ഭോഗങ്ങൾ അഭിമാനമായി,
പുരുഷൻ അട്ടഹസിച്ചു
അവൾ അപ്പോഴും വസ്ത്രങ്ങളും
കണ്ണീരും വരിക്കൂട്ടുകയായിരുന്നു...
വികാരത്തിന്റെ ലാവയിൽ
കത്തിയമർന്ന കാമുകിയും
അനാഥമായ പ്രണയവും സ്നേഹവും..

പാതിരാത്രിയിലും പകലിലും
രതിയുടെ പണിശാലയിൽ നിങ്ങൾ
തീർത്ത കറിവേപ്പിലയുടെ കോലങ്ങൾ,
ആധുനികതയുടെ പ്രമാണങ്ങളിൽ
നിങ്ങളെഴുതിയെടുത്ത ജീവിത ഓഹരികൾ,
വിവാഹത്തിലെ അവിഹിതമാം
ഉൾക്കാടു കത്തുന്ന ഓർമകളും
സ്നേഹത്തിന്റെ മൃതുവോളം നീളുന്ന
പ്രഹസനത്തിൻ ദിനങ്ങളും.
എനിക്കെറിയാനാവില്ല കല്ലുകൾ
തിരുവെഴു ത്തിലേപോൽ
നിങ്ങൾക്കാവുമെങ്കിൽ എറിയുക,
മാനത്തെ നോക്കിയല്ല,
മണ്ണിൽ നോക്കിയല്ല,
മനസാക്ഷിയെ നോക്കി....


Sunday 11 August 2013

കടം

കുഞ്ചുവിനും
കട തുടങ്ങണം.
വല്യ കടയുടെ
മുതലാളിയാവണം.
കട തുടങ്ങി
കടം പറഞ്ഞ
ഒരു സ്വപ്നമായി
കുഞ്ചു
ഒരു വല്യ
കടക്കാരനായി,
കയറുപോലും
വാങ്ങാൻ
കാശില്ലാത്ത
കടക്കാരൻ..
കുഞ്ചുവിനെ
കാണാതെയായപ്പോൾ
ആരും നിലത്തു
നോക്കിയില്ല.
ഒരു മരത്തിൻറെ
ചില്ലയിൽ
അവൻ വാക്കു
പാലിച്ചു
ആദ്യത്തെ ചതി.
അതിനേക്കാൾ
ഉയരമായിരുന്നു
അവൻറെ
ചിന്തകൾക്ക്..


Thursday 25 April 2013

രണ്ടാമൂഴം

വീഥികള്‍ ഏകാന്തമല്ലെങ്കിലും
മനസ് ഏകാന്തത
അലഞ്ഞു തിരിയാനുള്ള
പുറപ്പാടിലാണ്.
ഓരോ യാത്രയ്ക്കും
ഓരോ ഭാവങ്ങളാണ്..
ദൂരങ്ങള്‍ താണ്ടും തോറും
കുറ്റബോധവും വേദനയും
ചുളിവുകള്‍ വീണ ഒരു മുഖവും
ഇരുണ്ട ഹൃദയത്തെ
പൊള്ളല്‍ ഏല്പിക്കുന്നുണ്ടായിരുന്നു...
പണ്ട് അച്ഛനെ തനിച്ചാക്കി
മടങ്ങിയ വഴികള്‍ .
അടുത്ത വളവു തിരിഞ്ഞാല്‍
നിശ്ചലമായ ഒരിടമാണ്.
ചില ആഹ്ലാദം നിറഞ്ഞ
നിമിഷങ്ങള്‍ , ഭാവിയില്‍
പരിഹാസത്തോടെ നമ്മെ
നോക്കി ചിരിക്കാറുണ്ട്..
വൃദ്ധ സദനത്തിന്റെ
തുറന്നു കിടക്കുന്ന
വാതില്‍ അതിഥിയെ പോലെ
എന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു.
"ഈ വിലാസം കളയരുത്
നിന്റെ മകന് ആവശ്യം വരും"
എന്നുറക്കെ വിളിച്ചു
പറയാന്‍ തോന്നിയെങ്കിലും
ഇവനെങ്കിലും ഈ വഴി
വരാതിരിക്കട്ടെ ,
എന്നാശ്വസിച്ചുകൊണ്ട്
ബാഗും കയ്യിലേന്തി
പടികള്‍ കയറുമ്പോള്‍
മകന്റെ വാഹനം ആദ്യത്തെ
വളവു പിന്നിട്ടിരുന്നു ...

തെങ്ങ്

അപ്പൂപ്പന് തെങ്ങുകളോടായിരുന്നു,
മക്കളെക്കാളും
പേരകുട്ടികളെക്കാളും പ്രിയം .
തേങ്ങക്ക് വിലയില്ലാതെയായതൊന്നും
മൂപ്പര്‍ക്ക് പ്രശ്നമല്ല. .
നിന്നെയൊക്കെ വളര്‍ത്തിയ നേരം
കൊണ്ട് നാല് തെങ്ങ്
നട്ടിരുന്നെങ്കില്‍ എന്നത്
ടിയാന്റെ സ്ഥിരം പല്ലവിയാണ് .
വീട്ടു മുറ്റത്തെ തെങ്ങില്‍ നോക്കി
അഭിമാനം കൊള്ളുകയും
കല്പ വൃക്ഷത്തിന്റെ
ചതിക്കാത്ത പാരമ്പര്യം
എടുത്തു പറയുകയും പതിവാണ് .
തെങ്ങുകളെ ആക്ഷേപിച്ചാല്‍
അപ്പൂപ്പന് കലിയിളകുമായിരുന്നു.

പുതിയ വീട് വെക്കുമ്പോള്‍
തെങ്ങ് വെട്ടേണ്ടി വരുമെന്ന്
മക്കള്‍ പറഞ്ഞു
തെങ്ങ് വെട്ടാതെ
അങ്ങ് പണിഞ്ഞാല്‍ മതി
അപ്പൂപ്പന്റെ വാശി
ഒരിക്കല്‍ സന്ധ്യമയങ്ങുന്ന നേരത്ത്
ഒരു കാറ്റ്
തെങ്ങ് വീടിന്റെ പുറത്ത്,
അപ്പൂപ്പന്റെ മുറിയുടെ മേലെ

നാലഅഞ്ചു ഓടു
അപ്പൂപ്പന്റെ നെഞ്ചത്ത്...
മക്കളെടുത്തു
പീകോ പീക്കോ കരയുന്ന വണ്ടിയില്‍
കയറ്റുമ്പോള്‍
വീട് തെങ്ങായിട്ട് പൊളിച്ചു തന്നു.
ഇനി പുതിയ വീടിന്റെ പണി തുടങ്ങാം
അപ്പൂപ്പന്റെ അനുവാദം...



പരേതന്‍

എല്ലാ നഷ്ടങ്ങളും
ഓരോ മരണമാണ്.
ജീവിതത്തിന്റെ
കണക്കു
പുസ്തകത്തിൽ
പുലമ്പുന്ന വേദനകൾ.
എത്ര ചിരിച്ചാലും
കൊളുത്തി
വലിക്കുന്നുണ്ട്
ഭൂതകാലം.
ഞാൻ
ചിറകു കരിഞ്ഞു
നിലവിളിക്കുന്ന,
മാലാഖമാരുടെ
നടുവിലെ
ചെകുത്താൻ.
നേടിയതിനെ
നഷ്ടപെടുത്തി
കടിഞ്ഞാണ്‍
ഇല്ലാത്ത
മോഹങ്ങൾക്ക്
പിറകേ എത്രകാലം
ഇങ്ങനെ ഉരുകണം.
എന്നെ തേടി
മരണത്തിന്റെ
പാമ്പുകൾ യാത്ര
തുടങ്ങിയിരിക്കുന്നു
അവർക്കറിയില്ല
ഞാൻ എന്നേ
നഷ്ടങ്ങളുടെ
കുരിശിൽ
ആത്മഹത്യ
ചെയ്തവൻ.