Friday 23 August 2013

കാലികം

രാഷ്ട്രീയത്തിന്‍റെ അറകളില്‍ 
മഹാത്മാവിനെ കെട്ടി വെച്ചിരിക്കുന്നു...
ആര്‍ഭാടത്തിന്‍റെ അള്‍ത്താരയില്‍
യേശു ക്രിസ്തു നിശ്ചലനായി കിടക്കുന്നു ..
അര്‍ദ്ധരാത്രിയില്‍ തസ്കരനെ പേടിച്ചും
പകലില്‍ വഴിപാടുകള്‍ സ്വീകരിച്ചും
തങ്ക വിഗ്രഹം വീര്‍പ്പുമുട്ടിയിരുന്നു...
പാപികള്‍ വെള്ളി കുരിശിനെ പൊന്നാക്കാന്‍
തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നു.
രാഷ്ട്രീയത്തില്‍ ചെറിയ യൂദാസുകള്‍
ഗൂഢാലോചനകള്‍ നടത്തി കൊണ്ടിരിക്കുന്നു...
വലിയ യൂദാസുകള്‍ തീവ്രവാദത്തിന്‍റെ
കലകള്‍ അഭ്യസിക്കാന്‍ പോയിരിക്കുന്നു..
പത്രോസിന്‍റെ മക്കള്‍ കോടതിയില്‍
സാക്ഷികളായി നില്പുണ്ടായിരുന്നു...

കുമ്പസാരിക്കാന്‍ മാര്‍ഗമില്ലാത്ത ചെകുത്താന്‍
മൗന വിലാപങ്ങള്‍ തീര്‍ത്തു..
വാഗ്ദത്തം കിട്ടിയ നിത്യ മരണം
അവന്‍ കാത്തിരുന്നു...
സുനാമിയില്‍ ലക്ഷങ്ങള്‍ മരിച്ചെങ്കിലും
രക്ഷപെട്ട രണ്ടു പേര്‍ ദൈവ സ്നേഹത്തെ
വാനോളം പുകഴ്ത്തിക്കൊണ്ടിരുന്നു.
ഹിറ്റ്ലര്‍ ജര്‍മനിയില്‍ നിന്നും
അമേരിക്കയിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു..
ചില കാഴ്ചകള്‍ കാണാതെ കണ്ണടച്ചു ,
കാരണം , ഇനിയും കവിത എനിക്കെഴുതണം ,
ജനിച്ചതുകൊണ്ട് ജീവിക്കണം...
ജീവിതാസക്തികള്‍ 
ആത്മഹത്യയെ പറഞ്ഞയച്ചു...
അന്വേഷണങ്ങളും കാഴ്ചകളും 
അസ്വസ്ഥതകളായി ,
അഗ്നിയില്‍ ജലകണിക തേടി 
പോയവന്‍റെ മൂഡത്വം...


No comments:

Post a Comment