Thursday 25 April 2013

രണ്ടാമൂഴം

വീഥികള്‍ ഏകാന്തമല്ലെങ്കിലും
മനസ് ഏകാന്തത
അലഞ്ഞു തിരിയാനുള്ള
പുറപ്പാടിലാണ്.
ഓരോ യാത്രയ്ക്കും
ഓരോ ഭാവങ്ങളാണ്..
ദൂരങ്ങള്‍ താണ്ടും തോറും
കുറ്റബോധവും വേദനയും
ചുളിവുകള്‍ വീണ ഒരു മുഖവും
ഇരുണ്ട ഹൃദയത്തെ
പൊള്ളല്‍ ഏല്പിക്കുന്നുണ്ടായിരുന്നു...
പണ്ട് അച്ഛനെ തനിച്ചാക്കി
മടങ്ങിയ വഴികള്‍ .
അടുത്ത വളവു തിരിഞ്ഞാല്‍
നിശ്ചലമായ ഒരിടമാണ്.
ചില ആഹ്ലാദം നിറഞ്ഞ
നിമിഷങ്ങള്‍ , ഭാവിയില്‍
പരിഹാസത്തോടെ നമ്മെ
നോക്കി ചിരിക്കാറുണ്ട്..
വൃദ്ധ സദനത്തിന്റെ
തുറന്നു കിടക്കുന്ന
വാതില്‍ അതിഥിയെ പോലെ
എന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു.
"ഈ വിലാസം കളയരുത്
നിന്റെ മകന് ആവശ്യം വരും"
എന്നുറക്കെ വിളിച്ചു
പറയാന്‍ തോന്നിയെങ്കിലും
ഇവനെങ്കിലും ഈ വഴി
വരാതിരിക്കട്ടെ ,
എന്നാശ്വസിച്ചുകൊണ്ട്
ബാഗും കയ്യിലേന്തി
പടികള്‍ കയറുമ്പോള്‍
മകന്റെ വാഹനം ആദ്യത്തെ
വളവു പിന്നിട്ടിരുന്നു ...

തെങ്ങ്

അപ്പൂപ്പന് തെങ്ങുകളോടായിരുന്നു,
മക്കളെക്കാളും
പേരകുട്ടികളെക്കാളും പ്രിയം .
തേങ്ങക്ക് വിലയില്ലാതെയായതൊന്നും
മൂപ്പര്‍ക്ക് പ്രശ്നമല്ല. .
നിന്നെയൊക്കെ വളര്‍ത്തിയ നേരം
കൊണ്ട് നാല് തെങ്ങ്
നട്ടിരുന്നെങ്കില്‍ എന്നത്
ടിയാന്റെ സ്ഥിരം പല്ലവിയാണ് .
വീട്ടു മുറ്റത്തെ തെങ്ങില്‍ നോക്കി
അഭിമാനം കൊള്ളുകയും
കല്പ വൃക്ഷത്തിന്റെ
ചതിക്കാത്ത പാരമ്പര്യം
എടുത്തു പറയുകയും പതിവാണ് .
തെങ്ങുകളെ ആക്ഷേപിച്ചാല്‍
അപ്പൂപ്പന് കലിയിളകുമായിരുന്നു.

പുതിയ വീട് വെക്കുമ്പോള്‍
തെങ്ങ് വെട്ടേണ്ടി വരുമെന്ന്
മക്കള്‍ പറഞ്ഞു
തെങ്ങ് വെട്ടാതെ
അങ്ങ് പണിഞ്ഞാല്‍ മതി
അപ്പൂപ്പന്റെ വാശി
ഒരിക്കല്‍ സന്ധ്യമയങ്ങുന്ന നേരത്ത്
ഒരു കാറ്റ്
തെങ്ങ് വീടിന്റെ പുറത്ത്,
അപ്പൂപ്പന്റെ മുറിയുടെ മേലെ

നാലഅഞ്ചു ഓടു
അപ്പൂപ്പന്റെ നെഞ്ചത്ത്...
മക്കളെടുത്തു
പീകോ പീക്കോ കരയുന്ന വണ്ടിയില്‍
കയറ്റുമ്പോള്‍
വീട് തെങ്ങായിട്ട് പൊളിച്ചു തന്നു.
ഇനി പുതിയ വീടിന്റെ പണി തുടങ്ങാം
അപ്പൂപ്പന്റെ അനുവാദം...



പരേതന്‍

എല്ലാ നഷ്ടങ്ങളും
ഓരോ മരണമാണ്.
ജീവിതത്തിന്റെ
കണക്കു
പുസ്തകത്തിൽ
പുലമ്പുന്ന വേദനകൾ.
എത്ര ചിരിച്ചാലും
കൊളുത്തി
വലിക്കുന്നുണ്ട്
ഭൂതകാലം.
ഞാൻ
ചിറകു കരിഞ്ഞു
നിലവിളിക്കുന്ന,
മാലാഖമാരുടെ
നടുവിലെ
ചെകുത്താൻ.
നേടിയതിനെ
നഷ്ടപെടുത്തി
കടിഞ്ഞാണ്‍
ഇല്ലാത്ത
മോഹങ്ങൾക്ക്
പിറകേ എത്രകാലം
ഇങ്ങനെ ഉരുകണം.
എന്നെ തേടി
മരണത്തിന്റെ
പാമ്പുകൾ യാത്ര
തുടങ്ങിയിരിക്കുന്നു
അവർക്കറിയില്ല
ഞാൻ എന്നേ
നഷ്ടങ്ങളുടെ
കുരിശിൽ
ആത്മഹത്യ
ചെയ്തവൻ.